രാജ്യം കണ്ട ഏറ്റവും ക്രൂരമായ പീഡനം ; നിര്‍ഭയയെ പീഡിപ്പിച്ചിട്ടില്ല എന്ന് പ്രതികള്‍

ന്യൂഡല്‍ഹി : ലോകത്തിനു മുന്‍പില്‍ രാജ്യത്തിനെ നാണം കെടുത്തിയ സംഭവമായിരുന്നു ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ നിര്‍ഭയ എന്ന് ലോകം വിളിച്ച പെണ്‍കുട്ടിയെ മനസാക്ഷിക്ക് നിരക്കാത്ത തരത്തില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2012 ഡിസംബര്‍ പതിനാറിനാണ് രാജ്യതലസ്ഥാനത്ത് ബസ്സിനുളളില്‍ പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. ഇത്തരം വാര്‍ത്തകള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുത്തരിയല്ല എങ്കിലും ഇത്രമാത്രം ക്രൂരമായി ഒരു മനുഷ്യനോട് പെരുമാറാം എന്ന് കാട്ടിത്തന്നത് ഇത് മാത്രമാകും. ലോകമാധ്യമങ്ങളില്‍ വരെ ഇതിനെ പറ്റി വാര്‍ത്തകള്‍ വന്നതും നിര്‍ഭയയക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങള്‍ നടന്നത് എല്ലാം ഏവര്‍ക്കും ഓര്‍മ്മയുള്ള ഒന്നാണ്.എന്നാല്‍ നിര്‍ഭയ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതികള്‍ ഇപ്പോള്‍ പറയുന്നത്.

വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിപറയാനിരിക്കെയാണ് പ്രതികള്‍ കോടതിയില്‍ ഇത്തരത്തില്‍ വാദങ്ങള്‍ നിരത്തിയത്. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും പാലിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി എന്ത് വിധിപ്രസ്താവിക്കുമെന്നത് രാജ്യം കാതോര്‍ക്കുകയാണ്. സുഹൃത്തിനൊപ്പം സിനിമ കണ്ട് രാത്രി ബസ്സില്‍ മടങ്ങിവരവേ ആണ് അതിമൃഗീയമായി നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഒപ്പമുള്ള സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച മര്‍ദ്ദിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നാല്‍പ്പത് മിനുറ്റോളം ഓടുന്ന ബസ്സില്‍ 6 പേരാല്‍ ആ പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. തുടര്‍ന്ന് അവളെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. നീണ്ട പതിമൂന്ന് ദിവസങ്ങള്‍ ജീവന് വേണ്ടി അവള്‍ പോരാടി. ക്രൂരപീഡനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ മുഴുവന്‍ തകര്‍ന്ന നിലയിലായിരുന്നു നിര്‍ഭയ. ബലാത്സംഗത്തിനിടെ അവളുടെ വയറ്റിനകത്തേക്ക് പ്രതികള്‍ ഇരുമ്പുദണ്ഡ് കയറ്റിയതാണ് ജീവന് അപകടമായത്.