സ്വാമിയുടെ ലിംഗം മുറിച്ച സംഭവം ; പെണ്‍കുട്ടിക്ക് എതിരെ സ്വന്തം അമ്മയും സഹോദരനും രംഗത്ത് ; പെണ്‍കുട്ടി മാനസിക രോഗി എന്ന് അമ്മ

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചെടുത്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് എതിരെ ആരോപണവുമായി അമ്മയും സഹോദരനും രംഗത്ത്. മകള്‍ക്ക് മാനസിക രോഗം ഉണ്ടെന്നും മകളുടെ പ്രണയം സ്വാമി എതിര്‍ത്തതാണ് അവള്‍ ഇത്തരത്തില്‍ പകരം വീട്ടിയത് എന്നുമാണ് അമ്മ പറയുന്നത്. ഇക്കാര്യങ്ങള്‍ കാട്ടി പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി. ഡിജിപി പരാതി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രാഹമിന് കൈമാറി. സ്വാമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. കൂടാതെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ പൂര്‍ണ്ണരൂപം :
ശ്രീഹരി സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. വളരെ നല്ല രീതിയിലാണ് സ്വാമി തങ്ങളോട് പെരുമാറിയിരുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ എല്ലാം സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. തന്റെ മകള്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് സ്വാമിയോട് പെണ്‍കുട്ടിക്ക് വിരോധമുണ്ടാവാന്‍ കാരണം. സംഭവമുണ്ടായ മെയ് 19-ന് രാവിലെ പെണ്‍കുട്ടി സ്വാമിയോട് ക്ഷമ ചോദിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. പിന്നീട് പത്ത് മണിയോടെ പുറത്തു പോയ പെണ്‍കുട്ടി വൈകുന്നേരം ആറ് മണിക്കാണ് തിരിച്ച് വീട്ടിലെത്തിയത്. പകല്‍ സമയം കാമുകനൊപ്പമാണ് പെണ്‍കുട്ടി ചെലവിട്ടത്. രാത്രി ഹാളില്‍ കിടന്ന സ്വാമിക്ക് താന്‍ പാലും പഴങ്ങളും നല്‍കി അതിന് ശേഷം റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ ആണ് സ്വാമിയുടെ നിലവിളി കേള്‍ക്കുന്നത്. ചെന്നു നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയേയും ഇറങ്ങിയോടുന്ന മകളേയുമാണ് കണ്ടത്. മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ സ്വാമി പോയിട്ടില്ല. കഴിഞ്ഞ കുറച്ചു കാലമായി മകളുടെ മാനസികനില ശരിയല്ല. ഇതിനകം രണ്ട് തവണ അവള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ മനോനില തെറ്റിയ സന്ദര്‍ഭത്തിലാണ് മകള്‍ സ്വാമിയെ ആക്രമിച്ചത്.

നേരത്തെ പെണ്‍കുട്ടിയല്ല അവളുടെ കാമുകനാണ് കൃത്യം നിര്‍വഹിച്ചത് എന്ന പേരില്‍ സ്വാമിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.അതിനു പിന്നാലെയാണ് സമാനമായ ആരോപണം ഉന്നയിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും രംഗത്ത് വരുന്നത്.