വീടിനു പുറത്ത് പശു ചത്തനിലയില്‍: നാട്ടുകാര്‍ വീടിനു തീയിട്ടു, വീട്ടുടമസ്ഥനെ മര്‍ദ്ദിച്ചു

വീടിനുപുറത്ത് പശുവിനെ ചത്തനിലയില്‍ കണ്ടത്തിനെ തുടര്‍ന്നു നാട്ടുക്കാര്‍ വീട്ടുടമസ്ഥനെ മര്‍ദ്ദിച്ചു. വീട്ടുടമസ്ഥന്‍ ഉസ്മാന്‍ അന്‍സാരിയെ മര്‍ദ്ദിച്ച നാട്ടുകാര്‍ പിന്നീട് വീടിനു തീവയ്ക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരിയില്‍ ആണ് സംഭവം. അന്‍സാരിയുടെ വീടിനു സമീപം പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് അന്‍സാരിയെയും കുടുംബത്തേയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനു നേരെ നാട്ടുകാര്‍ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിക്കുകയും ചെയ്തു.

പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. നാട്ടുകാരുടെ കല്ലേറില്‍ 50 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായും പോലീസ് മേധാവി അറിയിച്ചു.