നടിയുടെ പേര് വെളിപ്പെടുത്തി തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെ കേസെടുത്തു

പോലീസ് കഥകളിലൂടെ വെള്ളിത്തിരയില്‍ തന്റേതായ പേരെടുത്ത് തിരക്കഥാകൃത്തിനെതിരെ പോലീസ് കേസ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ കളമശ്ശേരി പോലീസാണ് കേസെടുത്തത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് എസ്.എന്‍ സ്വാമി അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്ന് കാണിച്ച് നടന്‍ അജു വര്‍ഗീസിനെതിരെയും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടിരുന്നത്.