പ്രവേശനവിലക്ക് ; ആറു മെഡിക്കല്‍കോളേജുകളിലെ 800 സീറ്റ് നഷ്ടമാകും
കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ കേരളത്തിലെ ആറു മെഡിക്കല്‍കോളേജുകളിലെ 800 സീറ്റ് നഷ്ടമാകും. സുപ്രീംകോടതി ചുമതലപ്പെടുത്തിയ ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ് ആര്‍ കോളേജ് അടക്കമുള്ളവയുടെ അനുമതിയാണ് നിഷേധിച്ചത്. കല്‍പറ്റയിലെ ഡി.എം.വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അഷര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് വിലക്കേര്‍പ്പെടുത്തപ്പെട്ട മറ്റ് മെഡിക്കല്‍ കോളേജുകള്‍.
സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതുകാരണം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലും അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ 100 സീറ്റുകളിലും ഇത്തവണ പ്രവേശനം നടക്കില്ല. അതേസമയം ഇടുക്കിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞ വര്‍ഷവും പ്രവേശനാനുമതി ലഭിച്ചിരുന്നില്ല.









