2 സെഞ്ച്വറികള്‍, 4 അര്‍ദ്ധ സെഞ്ച്വറികള്‍; ലങ്കയ്ക്കു മുന്നില്‍ ഇന്ത്യന്‍ മാജിക്ക്, 622 റണ്‍സിന് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയതു
ഇന്ത്യ ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ മികച്ച നിലയില്‍. രണ്ട് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും നിറം ചാര്‍ത്തിയ ഇന്നിങ്‌സാണ് ഇന്ത്യ കെട്ടിപ്പടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ചേതേശ്വര്‍ പൂജാര (133), അജിങ്ക്യ രഹാനെ (132) എന്നിവരുടെ സെഞ്ചുറികളും ഓപ്പണര്‍ ലോകേഷ് രാഹുല്‍ (57), ആര്‍.അശ്വിന്‍ (54), വൃദ്ധിമാന്‍ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.
നാലാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ സഖ്യം പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഇതിനു പുറമെ നാല് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നു. ഒന്നാം വിക്കറ്റില്‍ ധവാന്‍, രാഹുല്‍ (56), രണ്ടാം വിക്കറ്റില്‍ രാഹുല്‍, പൂജാര (53), അഞ്ചാം വിക്കറ്റില്‍ അശ്വിന്‍, രഹാനെ (63), എട്ടാം വിക്കറ്റില്‍ ജഡേജ, സാഹ (72) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി രംഗണ ഹെറാത്ത് നാലും പുഷ്പകുമാര രണ്ടും വിക്കറ്റ് വീഴ്ത്തി.
സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. 232 പന്തുകള്‍ നേരിട്ട പൂജാര, 232 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 133 റണ്‍സെടുത്താണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ പൂജാര, രഹാനെ സഖ്യം 217 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നെത്തിയ അശ്വിനെ കൂട്ടുപിടിച്ച് രഹാനെ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (63) തീര്‍ത്തു. 222 പന്തില്‍ 14 ബൗണ്ടറികളോടെ 132 റണ്‍സെടുത്ത രഹാനയെ പുഷ്പകുമാരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്‌വല്ല സ്റ്റംപു ചെയ്തു പുറത്താക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ (20) വിക്കറ്റും പുഷ്പകുമായ്ക്കാണ്. അശ്വിന്‍ (54), സാഹ (67), ഷാമി (എട്ടു പന്തില്‍ 19) എന്നിവരെ ഹെറാത്ത് മടക്കി.
ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍, (82 പന്തില്‍ ഏഴു ബൗണ്ടറികളോടെ 57), മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ (37 പന്തില്‍ അ!ഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 35), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (29 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യദിനം നഷ്ടമായത്.
50ാം ടെസ്റ്റ് കളിക്കുന്ന പൂജാര, 4000 റണ്‍സ് നേട്ടം സ്വന്തമാക്കുന്നതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഗാവസ്‌കര്‍ (4947), രാഹുല്‍ ദ്രാവിഡ് (4135), വീരേന്ദര്‍ സേവാഗ് (4103) എന്നിവര്‍ക്കു ശേഷം 50 ടെസ്റ്റുകളില്‍ 4000 റണ്‍സ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമാണ് പൂജാര. ശ്രീലങ്കയില്‍ പൂജാരയുടെ മൂന്നാം സെഞ്ചുറി കൂടിയാണ് ഇന്നു പിറന്നത്.
ഒടുവില്‍ ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 50 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.