കൈരളി നികേതനിലൂടെ ഇനി കേരളസര്‍ക്കാരിന്റെ മലയാളം മിഷന്‍ കോഴ്സുകളും

വിയന്ന: ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ സാംസ്‌കാരികകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമായ മലയാളം മിഷനുമായി കൈരളി നികേതന്‍ കൈകോര്‍ക്കുന്നു. മലയാളം മിഷന്റെതായ ഓസ്ട്രിയയിലെ ആദ്യ ചാപ്റ്ററാണ് ഇനി മുതല്‍ കൈരളി നികേതന്‍.

കഴിഞ്ഞ മൂന്ന് പാതിറ്റാണ്ടിലേറെയായി വിയന്നയില്‍ മലയാളത്തിന്റെ ബാലപാഠങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന കൈരളി നികേതനില്‍ ഇനിമുതല്‍ നല്‍കുന്ന ക്‌ളാസുകള്‍ മലയാളം മിഷന്റെ ഭാഗമായിട്ടായിരിക്കും നടക്കുക. പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയാളം മിഷനിലൂടെ നല്‍കുന്ന ക്‌ളാസുകള്‍ വളരെ ലളിത സുന്ദരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുധീരമായ ചര്‍ച്ചകളില്‍നിന്നും ഗവേഷണങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ്) എന്നീ കോഴ്സുകള്‍ അടങ്ങുന്ന പാഠ്യപദ്ധതിയാകും കുട്ടികള്‍ക്ക് ലഭിക്കുന്നത്. പ്രവാസികള്‍ക്ക് ഇത് വഴി കേരള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത സര്‍ട്ടിഫിക്കേറ്റുകള്‍ നേടാനാകും. ഒപ്പം 90 രാജ്യങ്ങളില്‍ മലയാളം മിഷനില്‍ പങ്കെടുക്കുന്ന പ്രവാസി മലയാളി കുട്ടികളുമായി ബന്ധം സ്ഥാപിക്കാനുതകുന്ന പരിപാടികളും ലഭ്യമാകും.

മലയാളം മിഷനിലൂടെ ലോകമെമ്പാടുമായി ഏകദേശം 4000-ലധികം അധ്യാപകരും 50,000-ത്തോളം കുട്ടികളും രജിസ്റ്റര്‍ ചെയ്ത് ഭാഷാപഠനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ https://mm.kerala.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും മനസിലാക്കാവുന്നതാണ്.