പ്രതിക്ഷേധം ശക്തമാക്കി പ്രതിപക്ഷം, നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നവസാനിക്കും
തിരുവനന്തപുരം: പിണറായി മന്ത്രി സഭയുടെ ഏഴാം നിയമ സഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.
കെ.കെ. ശൈലജയുടെ രാജി ആവശ്യവുമായി, സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എ-മാര്‍ നാല് ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി പ്രതിക്ഷേധം ആരംഭിച്ച പ്രതിപക്ഷം, ഇപ്പോള്‍ ബാനറുകളും പ്ലെക്കാര്‍ഡുകളുമായി നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്.
ഇന്നലെ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് ഹൈക്കോടതി വിമര്‍ശനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള അടിയന്തിര പ്രമേയ നോട്ടീസ് പ്രതിപക്ഷം നല്‍കിയിട്ടുണ്ട്. പ്രതി പക്ഷ എം.എല്‍.എ കെ. സി ജോസഫാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതു വരെ സഭാ നടപടികള്‍ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിക്ഷേധത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം. എല്ലാ ദിവസവും സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടിട്ടും നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാതെ പ്രതിപക്ഷ ബഹളം തുടരുകയാണ്.