മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷാ കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ നാദിര്‍ഷായെ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന പോലീസ് ഭീഷണിയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

തെറ്റായ കാര്യങ്ങള്‍ പറയാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് തനിക്ക് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നാദിര്‍ഷാ ചൂണ്ടിക്കാട്ടുന്നു.

നാദിര്‍ഷാ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും കൂടുതല്‍ വ്യക്തത വരുത്തുന്നതിനുമാണ് വീണ്ടും ചോദ്യം ചെയ്യാനായി ഇന്നലെ നാദിര്‍ഷായെ പോലീസ് വിളിപ്പിച്ചത്. എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന കാരണത്താല്‍ നാദിര്‍ഷാ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ആശുപത്രി വിട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.