ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച ; റിമാന്‍ഡ് കാലാവധി 28-വരെ നീട്ടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച്ച വിധി പറയും. അതെ സമയം ഇന്നവസാനിച്ച ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28-വരെ നീട്ടി. ആക്രമണത്തിനിരയായ നടിയുടെ ആവശ്യപ്രകാരം അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം നടന്നത്. പ്രോസിക്ക്യൂഷന്റെ അസൗകര്യത്തെത്തുടര്‍ന്ന് ഉച്ചക്ക് മൂന്നു മണിക്ക് ശേഷമാണ് വാദം ആരംഭിച്ചത്.

ആക്രമിക്കപ്പെട്ട നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു ദിലീപിനെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയത്.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം എങ്ങനെയെല്ലാം ആക്രമണം നടത്തണം എന്ന രീതിയില്‍ ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

റിമാന്‍ഡിലായ ശേഷം നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയത്. ഇതേ കോടതിയില്‍ നല്‍കിയ ആദ്യ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. അതിനുശേഷം ഹൈക്കോടതിയില്‍ രണ്ടു തവണ നല്‍കിയ ജാമ്യ ഹര്‍ജിയും തള്ളിയിരുന്നു.