അമ്മയെയും ചിറ്റമ്മയെയും ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ അമ്മ ക്വട്ടേഷന്‍ നല്‍കി കഴുത്തറുത്തു കൊന്നു
തന്നെയും സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മുംബൈ ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ തന്‍റെ ഇളയ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്. ലൈംഗിക വൈകൃതത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു ഇയാള്‍. അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്. ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്. മയക്കുമരുന്നിനും ലൈംഗിക വൈകൃതത്തിനും അടിമയായിരുന്നു രാംചരണ്‍. അമിത ലൈംഗിക ആസക്തി പ്രകടിപ്പിച്ചിരുന്ന ഇയാള്‍ സ്വന്തം മാതാവ് രജനിയെയും പീഡിപ്പിച്ചിരുന്നു. ഇവരുടെ രണ്ടാം ഭര്‍ത്താവിലുള്ള മകനായിരുന്നു രാംചരണ്‍. ആറുമാസമായി നിരന്തരം ഇളയമകന്റെ ലൈംഗിക വൈകൃതം സഹിച്ചുവരുകയായിരുന്നു എന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് രാംചരണ്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മ പറയുന്നു.
മകന്റെ ലൈംഗിക അതിക്രമം അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ക്കുനേര്‍ക്ക് നീണ്ടതോടെയാണ് മകനെ ഇല്ലായ്മ ചെയ്യാന്‍ രജനി തീരുമാനിച്ചത്. ബന്ധുക്കളായ പത്തോളം സ്ത്രീകളാണ് രാംചരണിന്റെ പീഡനത്തിന് ഇരയായത്. അടുത്തിടെ അടുത്ത ബന്ധുവായ സ്ത്രീ രാംചരണിന്റെ പീഡനത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അമ്മ രജനി തന്റെ 25 വയസുകാരനായ മൂത്തമകന്‍ രാജാറാമിന് ഇളയമകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. രജനിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് രാജാറാം. അമ്പതിനായിരം രൂപയാണ് പ്രതിഫലമായി രജനി മൂത്തമകന് നല്‍കിയത്. തുടര്‍ന്ന് കൊലയാളികള്‍ രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് തലയറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ശരീരം ഗോഖിവാര ഗ്രാമത്തിലെ പാറക്കുളത്തില്‍ തള്ളുകയായിരുന്നു.
പിറ്റേന്ന് രാംചരണിന്റെ മൃതദേഹം പാറക്കുളത്തില്‍ പൊങ്ങിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ ചിത്രം പല്‍ഗര്‍ ജില്ലയിലെ മുഴൂവന്‍ സ്ഥലത്തും താനെ, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലും പോലീസ് പതിച്ചു. ഒരു മാസത്തിന് ശേഷം സെപ്തംബര്‍ 14 ന് സുനിതാശര്‍മ്മ എന്ന യുവതി ഭയാന്‍ഡര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി രാംചരണിനെ തിരിച്ചറിഞ്ഞതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. അന്വേഷണസംഘം നേരത്തെ ഒരു തവണ മൃതദേഹത്തില്‍ രജനി എന്ന പേര് പച്ചകുത്തിയിരിക്കുന്നത് ശ്രദ്ധയിപ്പെട്ടതിനാല്‍ മാതാവ് രജനിയെ ചോദ്യം ചെയ്തിരുന്നതാണ്. എന്നാല്‍ ഒന്നും അറിയില്ലെന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന് സുനിതാ ശര്‍മ്മയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് മകന്റെ ശല്യം കാരണം താന്‍ മൂത്തമകനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന കാര്യം രജനി സമ്മതിച്ചത്.









