വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ അടുക്കും ചിട്ടയുമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഓര്‍ഗനൈസിങ് കമ്മറ്റി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണിപ്പോള്‍.

സ്റ്റേഡിയത്തിലെ അഴുക്കുനിറഞ്ഞതും വൃത്തിഹീനവുമായ സീറ്റുകളെ കുറിച്ചും ശുചിമുറികളെ കുറിച്ചും വ്യാപകമായി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. നിരവധി തവണ പരിശോധന നടത്തിയിട്ടും ഉദ്ഘാടന മത്സരത്തില്‍ തന്നെ പരാതി ലഭിച്ചത് രാജ്യത്തിനു മുഴുവന്‍ നാണക്കേടായി.

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അടക്കമുള്ളവര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നിട്ടും സ്ഥിതിയില്‍ മാറ്റമില്ലാത്തതിനെതുടര്‍ന്നാണ് ഫിഫയുടെ നടപടി.ഫിഫയുടെ പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മറ്റിക്കാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല. ഇവര്‍ ജോലി ഏല്‍പിച്ച കരാറുകാര്‍ ആവശ്യമുള്ള തൊഴിലാളികളെ സ്റ്റേഡിയത്തിലെത്തിച്ചില്ലെന്നും സ്റ്റേഡിയത്തിലെ ശുചിത്വമില്ലായ്മ കാണികള്‍ക്ക് അസൗകര്യമുണ്ടാക്കിയതായും ഫിഫ വിലയിരുത്തി.

ഇതേത്തുടര്‍ന്നാണ് ഫിഫ സഹായം ആവശ്യപ്പെട്ടതെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
ശേഷിക്കുന്ന മത്സരങ്ങളിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ടുര്‍ണമെന്റ് സംഘാടകര്‍ക്ക് സഹായമൊരുക്കുന്നതിന് സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.