ഉത്തേജകമരുന്ന് വിവാദം പിന്നെയും ഇന്ത്യന്‍ ടീമിന് ആശങ്ക

ഉത്തേജകമരുന്ന് വിവാദം പിന്നെയും ഇന്ത്യന്‍ ടീമിന് ആശങ്ക ഉയര്‍ത്തുന്നു. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) 2016ലെ റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടിലാണ് ഒരു ഇന്ത്യന്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ബിസിസിഐ അംഗീകരിച്ചിട്ടുള്ള രാജ്യത്തെ 153 താരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഇന്ത്യന്‍ താരം കുടുങ്ങിയത്.

രാജ്യത്തിനു നാണക്കേടുണ്ടാക്കിയ ആ ക്രിക്കറ്റ് താരത്തിന്റെ പേര് ഏജന്‍സി പുറത്തുവിട്ടിട്ടില്ല. ഇതു രണ്ടാം തവണയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കുടുങ്ങുന്നത്. നേരത്തേ അണ്ടര്‍ 19 താരമായിരുന്ന പ്രദീപ് സാങ്വാനാണ് ഇത്തരത്തില്‍ അകപ്പെട്ടിത്. 2013ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിനായി കളിക്കുന്നതിനിടെ താരം ഉത്തേജകം ഉപയോഗിച്ചുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ഇത്തവണ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട താരം ദേശീയ താരമാവാമെന്ന് ഉറപ്പിക്കാനാവില്ല. കാരണം ബിസിസിഐയുടെ കീഴിലുള്ള രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഐപിഎല്‍, ഇറാനി ട്രോഫി ഇങ്ങനെയുള്ള ഏതെങ്കിലുമൊരു ചെറിയ ടൂര്‍ണമെന്റില്‍ മാത്രം കളിച്ചിട്ടുള്ള താരമാവാനും സാധ്യതയുണ്ട്. വാഡയില്‍ നിന്നും തങ്ങള്‍ക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ടൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ താരത്തിന്റെ പേര് പുറത്തുപറയാന്‍ സാധിക്കില്ലെന്നുമാണ് ബിസിസിഐ പ്രതികരിച്ചത്.