മൂന്നാംപക്കം ഓസീസിനെ തീര്‍ത്തു ; ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

115 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. കെ എല്‍ രാഹുലിനെ (1) ആദ്യം തന്നെ ഇന്ത്യക്ക് നഷ്ടമായി. നേഥന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച്. മൂന്നാമതെത്തിയ ചേതേശ്വര്‍ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാല്‍ ക്യാപ്റ്റന്‍ റണ്ണൗട്ടായത് തിരിച്ചടിയായി. വിരാട് കോലിയെ (20) ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ശ്രേയസ് അയ്യര്‍ക്ക് 10 പന്ത് മാത്രമായിരുന്നു ആയുസ്. 12 റണ്‍സെടുത്ത താരത്തെ മര്‍ഫി കുടുക്കി. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.