ഗില്‍ അല്ല ഇവന്‍ ഗില്ലി ; ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേട്ടവുമായി ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളില്‍ ആദ്യം കേള്‍ക്കുന്ന പേരാണ് ശുഭ്മാന്‍ ഗില്‍.
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ സ്ഥിര സാന്നിധ്യമാണ് ഈ താരം ഇപ്പോള്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞത് യുവതാരമായ ശുഭ്മാന്‍ ഗില്ലായിരുന്നു. 63 പന്തില്‍ 7 സിക്‌സും 12 ഫോറും സഹിതം പുറത്താവാതെ 126 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. എന്നാല്‍, ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും താരത്തിന്റെ പേരിലായി.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മാറിയിരിക്കുകയാണ്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ശുഭ്മാന്‍ സ്വന്തമാക്കുന്നത്. ടി20യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഗില്ലിന്റെ പേരിലാണ്.

ടി 20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡും ഈ ഇന്നിങ്‌സിലൂടെ ഗില്‍ സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ റെക്കോഡാണ് യുവതാരം സ്വന്തം പേരിലാക്കിയത്. 2022 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 ആയിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ ബാറ്ററുടെ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ആദ്യ രണ്ട് ടി20യില്‍ വലിയ സ്‌കോറുകള്‍ നേടാനാകാതെ പോയ ഗില്‍, 12 ബൗണ്ടറികളും 7 സിക്സറുകളും അടിച്ചുകൂട്ടിയാണ് ടി20യിലെ കന്നി സെഞ്ചുറി നേടിയത്. കവറിനു മുകളില്‍ ഒരു തകര്‍പ്പന്‍ ബൗണ്ടറിയുമായാണ് ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.