ഇന്ത്യയുടെ തോല്‍വി ; സഞ്ജുവിന് വേണ്ടി വാദിച്ചു സോഷ്യല്‍ മീഡിയ

സെമിയില്‍ തോറ്റു ഇന്ത്യ പുറത്തായതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായി വീണ്ടും വാദിച്ച് ട്വിറ്ററാറ്റി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെയാണ് സഞ്ജുവിനായി വീണ്ടും ട്വിറ്റര്‍ ലോകം രംഗത്തുവന്നത്. ലോകകപ്പ് ടീമില്‍ സഞ്ജു ഉണ്ടാവേണ്ടതായിരുന്നു എന്നും ഇനിയെങ്കിലും താരത്തിന് തുടരവസരങ്ങള്‍ നല്‍കണമെന്നും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അടക്കമുള്ളവര്‍ സഞ്ജുവിനു വേണ്ടി രംഗത്തുവന്നു.

ബി സി സി യുടെ പൊളിറ്റിക്‌സ് ആണ് ഇന്ത്യ തോല്‍ക്കാന്‍ കാരണം എന്ന് ചിലര്‍ ആരോപിക്കുന്നു. ജസ്റ്റിസ് ഫോര്‍ സഞ്ജു എന്ന് ട്വിറ്റ് ചെയ്യുന്നവരും ഏറെയാണ്. അതുപോലെ കെ എല്‍ രാഹുലിന് എതിരെയും ധാരാളം ട്വിറ്റുകള്‍ വരികയാണ്. അതേസമയം സഞ്ജുവിനെ പരിഹസിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്. സെമിഫൈനലില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റണ്‍സ് വിജയലക്ഷ്യം വെറും 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്‌സ് ഹെയില്‍സ് (47 പന്തില്‍ 4 ബൗണ്ടറിയും 7 സിക്‌സറും സഹിതം 86) ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ( 49 പന്തില്‍ 9 ബൗണ്ടറിയും 3 സിക്‌സറും സഹിതം 80) തിളങ്ങി.