സഞ്ജുവിനെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് മുരളി കാര്‍ത്തിക്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്. ദക്ഷിണാഫ്രിക്കക്കെതിരെ നന്നായി കളിച്ചിട്ടും സഞ്ജുവിനെ ഒഴിവാക്കി. എന്നാല്‍, ഹൂഡയെ ബൗളിംഗ് സാധ്യത ആയും കൂടിയാണ് പരിഗണിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ”ബൗളിംഗ് ഓപ്ഷനുകള്‍ വേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവര്‍ പന്തെറിയില്ല. അത് സഞ്ജുവിന് നിര്‍ഭാഗ്യമാണ്. അവന്‍ എത്ര നല്ല താരമാണെന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കും. അവന്‍ വന്ന് നല്ല ഒരു സ്‌കോര്‍ നേടും. ദക്ഷിണാഫ്രിക്കക്കെതിരെ അവന്‍ നന്നായി കളിച്ചു. എന്നാല്‍, തുടരെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും അവനെ മാറ്റി പന്തെറിയുമെന്നതിനാല്‍ ഹൂഡയെ കളിപ്പിക്കുന്നു.”- മുരളി കാര്‍ത്തിക് പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു നിര്‍ണായകമായ 36 റണ്‍സ് നേടിയിരുന്നു. 38 പന്തുകള്‍ നീണ്ടുനിന്ന ആ ഇന്നിംഗ്‌സും അഞ്ചാം വിക്കറ്റില്‍ ശ്രേയാസ് അയ്യരുമൊത്തുള്ള 94 റണ്‍സ് കൂട്ടുകെട്ടും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായിരുന്നു.അതേസമയം,  മഴയെതുടര്‍ന്ന് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. ഇന്ത്യന്‍ ബാറ്റിംഗിനിടെ മഴ പെയ്തതിനെ തുടര്‍ന്ന് കളി 29 ഓവര്‍ വീതമായി ചുരുക്കി. എന്നാല്‍, 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എടുത്തുനില്‍ക്കെ വീണ്ടും മഴ പെയ്യുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യ കളി ജയിച്ച ന്യൂസീലന്‍ഡ് പരമ്പരയില്‍ മുന്നിലാണ്.