സ്പിന്‍ ബൗളര്‍ ആയാല്‍ മതിയായിരുന്നു; മലിംഗ ഓഫ്‌സ്പിന്നറായി; ഒരോവറില്‍ മൂന്നു വിക്കറ്റും വീഴ്ത്തി ടീമിനെ ജയിപ്പിച്ചു

ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയെ അറിയാത്ത ക്രിക്കറ്റ് ആരാധകരുണ്ടാവില്ല. വ്യത്യ്‌സ്തവുമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടും, ഹെയര്‍ സ്‌റ്റൈലിലെ ട്രെന്‍ഡ് കൊണ്ടും ശ്രീലങ്കക്ക് പുറത്തും മലിംഗക്ക് ധാരാളം ആരാധകരുണ്ട്.

തീതുപ്പുന്ന പന്തുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന മലിംഗ പക്ഷെ സ്പിന്‍ ബൗള്‍ ചെയ്ത് മൂന്നു വിക്കറ്റുകള്‍ നേടിയതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്ത. ശ്രീലങ്കയിലെ എം.സി.എ പ്രീമിയര്‍ ലീഗിലാണ് മലിംഗയുടെ ഓഫ് സ്പിന്‍ ബൗളിംഗ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാറ്റ്‌സ്മാന് പന്ത് കാണാനാകാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് മലിംഗ സ്പിന്‍ ബൗള്‍ ചെയ്തത്.

ടീജേ ലങ്ക എന്ന ടീമില്‍ കളിക്കുന്ന മലിംഗയുടെ ബൗളിംഗ് മികവ് ടീമിന് തുണയാവുകയും, മല്‍സരത്തില്‍ വിജയിക്കുകയും ചെയ്തു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം, എല്‍.ബി ഫിനാന്‍സിനെ 82 റണ്‍സിനാണ് ടീജേ ലങ്ക തോല്‍പ്പിച്ചത്. മഴ മൂലം മല്‍സരം 42 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ടീജേ ലങ്ക 38.4 ഓവറില്‍ 266 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങില്‍ എല്‍.ബി ഫിനാന്‍സ് 25 ഓവറില്‍ ഏഴിന് 125 എന്ന സ്‌കോറില്‍ നില്‍ക്കെ മല്‍സരം അവസാനിപ്പിക്കുകയായിരുന്നു. 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മലിംഗയും മൂന്നു വിക്കറ്റെടുത്ത സചിത്ര സേനനായകെയും ചേര്‍ന്നാണ് എല്‍.ബി ഫിനാന്‍സിനെ തകര്‍ത്തത്.