അഡിഡാസ് ടെലിസ്റ്റാര്‍ 18:റഷ്യ ലോകകപ്പിന്റെ പന്ത്; പുറത്തിറക്കിയത് സൂപ്പര്‍ താരം മെസ്സി

മോസ്‌കോ: 2018 ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനു മുന്നോടിയായി റഷ്യ ലോകകപ്പിനുള്ള ഫുട്‌ബോള്‍ പുറത്തിറക്കി. ലോകകപ്പിന്റെ ഔദ്യോഗിക ഫുട്‌ബോള്‍ നിര്‍മ്മാതാക്കളായ അഡിഡാസാണ് ബോളിന്റെ നിര്‍മ്മാതാക്കള്‍.1970 ലോകകപ്പില്‍ ഉപയോഗിച്ച ബോളിന്റെ ഓര്‍മ്മ പുതുക്കിയാണ് അഡിഡാസ് പുതിയ പന്ത് നിര്‍മിച്ചിരിക്കുന്നത്.

ടെല്‍സ്റ്റാര്‍ 18 എന്നാണ് ബോളിന്റെ പേര്. കറുപ്പും വെളുപ്പും ചേരുന്ന ബോള്‍ 1970 ലോകകപ്പിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തും എന്നാണ് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്.അഡിഡാസ് ആദ്യമായി ലോകകപ്പ് ഫുഡ്‌ബോളിന് വേണ്ടി ബോള്‍ നിര്‍മ്മിച്ച് നല്‍കിയത് 1970 ലോകകപ്പിലായിരുന്നു. അന്ന് ബ്രസീല്‍ ആണ് ലോകകപ്പ് നേടിയത്. ഫുട്‌ബോള്‍ ഇതിഹാസം പെലെ അവസാനമായി പങ്കെടുത്ത ലോകകപ്പും ഇതായിരുന്നു.

അര്‍ജന്റീനയുടെ താരം ലെയണല്‍ മെസിയാണ് മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ ബോള്‍ പുറത്തിറക്കിയത്. ഈ പന്തിനെക്കുറിച്ച് നേരത്തെ അറിയാന്‍ കഴിഞ്ഞത് ഇതിനെ വരുതിയിലാക്കുവാനും ഉതകുമെന്ന് ബോള്‍ പുറത്തിറക്കി മെസി പറഞ്ഞു.