ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക്  ഞെട്ടിക്കുന്ന തോല്‍വി; ഇത്തിരിക്കുഞ്ഞന്മാരായ നേപ്പാളിനോട് 19 റണ്‍സിന് തോറ്റു

ക്വാലലംപൂര്‍: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ക്രിക്കറ്റ് ലോകത്തെ വലിയ ശക്തിയൊന്നുമല്ലാത്ത ഇത്തിരിക്കുഞ്ഞന്മാരായ നേപ്പാളിനോടാണ് ഇന്ത്യ തോറ്റത്. ഗ്രൂപ്പ് എ മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ഇന്ത്യക്കെതിരെ നേപ്പാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ താരതമ്യേന ചെറിയ സ്‌കോറായ 185 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദിത്യ താക്കറേയും അഭിഷേക് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ഹിമാന്‍ഷു റാണ 38 പന്തില്‍ 46ഉം പാര്‍ട്ണര്‍ മനോജ് കല്‍റ 69 പന്തില്‍ 35 ഉം റണ്‍സെടുത്ത് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 12.2 ഓവറില്‍ 65 റണ്‍സെടുത്തു വിജയമുറപ്പിച്ചു നില്‍ക്കയായിരുന്നു.. എന്നാല്‍ ഇന്ത്യ ഞെട്ടാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 65ന് 0 എന്ന നിലയില്‍ നിന്നും ഇന്ത്യ 48.1 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി.

39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നേപ്പാള്‍ ക്യാപ്റ്റന്‍ ദീപേന്ദ്ര സിംഗാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 88 റണ്‍സുമായി നേപ്പാളിന്റെ ടോപ് സ്‌കോററായതും സിംഗ് തന്നെയാണ്. രണ്ട് കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്ക്കും നേപ്പാളിനും രണ്ട് പോയിന്റ് വീതം കയ്യിലുണ്ട്. ആദ്യമത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 202 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.