ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം: മൂന്നു പേര്‍ പോലീസ് പിടിയില്‍

തൃശൂര്‍:ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ പോലീസ് പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണു അറസ്റ്റിലായത്. വീട്ടിലേക്കു പോകുംവഴി ഞായറാഴ്ച ഉച്ചയോടെയാണ് നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദ്. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍, ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കലക്ടര്‍ ചൊവ്വാഴ്ച വരെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.