ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ അടിപതറി ഇന്ത്യന്‍ കടുവകള്‍ ; തോല്‍വി 135 റണ്‍സിന് ; പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക്

സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റിലും തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. 135 റണ്‍സിനാണ് ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഇന്ത്യന്‍ കടുവകള്‍ മുട്ടുമടക്കിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി 72 റണ്‍സിനായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ആതിഥേയര്‍ ഉറപ്പാക്കി. മൂന്നാം ടെസ്റ്റ് ജൊഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ജനുവരി 24ന് ആരംഭിക്കും. 287 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ചേതേശ്വര്‍ പുജാരയുടെ വിക്കറ്റാണ്. 47 ബോളില്‍ നിന്ന് രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 19 റണ്‍സെടുത്ത പുജാരയെ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാക്കി. 12.2 ഓവറില്‍ 3 മേഡിനടക്കം 39 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ എന്‍ഗിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ അവസാനദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി കിട്ടികൊണ്ടിരുന്നു.

നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് കൃത്യമായി വീണതോടെ പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യ തോല്‍വിയിലേക്ക് ഊര്‍ന്നു വീഴുകയായിരുന്നു. ടീം ടോട്ടല്‍ 49ല്‍ നിന്നും 65ല്‍ എത്തുന്‌പോഴേക്കും പാര്‍ത്ഥിവ് പട്ടേലും(19) മടങ്ങി. റബാഡയുടെ ബോളില്‍ മോര്‍ക്കെല്‍ പിടികൂടുകയായിരുന്നു. 47 റണ്‍സെടുത്ത രോഹിത് ശര്‍മയെ റബാഡയുടെ ബോളില്‍ ഡിവില്ലിയേഴ്‌സ് പവലിയനിലേക്ക് മടക്കി. പിന്നീട് കുറച്ചെങ്കിലും പിടിച്ചു നിന്നത് മുഹമ്മദ് ഷമിയാണ്. 24 ബോളില്‍ നിന്നും 28 റണ്‍സെടുത്ത ഷമിയെ എന്‍ഗിഡിയുടെ ബോളില്‍ മോര്‍ക്കല്‍ കൈപ്പിടിയിലാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 335 റണ്‍സെടുത്തു. ഐഡന്‍ മര്‍ക്രം(94), ഹാഷിം അംല(82), പ്‌ളെസ്സിസ്(63) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാലു വിക്കറ്റും ഇഷാന്ത് ശര്‍മ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 307 റണ്‍സിലാണ് അവസാനിച്ചത്.