വിക്കറ്റ് കീപ്പര്‍ക്ക് പന്തെടുത്തു കൊടുത്തത്തിനു അമ്പയര്‍ ഔട്ട് വിളിച്ചു; ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വിക്കറ്റ് കണ്ട് കണ്ണ് തള്ളി ആരാധകര്‍

ക്രൈസ്റ്റ്ചര്‍ച്ച്:ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് മത്സരത്തിലെ  വിക്കറ്റ് ഉണ്ടാക്കിയ വിവാദത്തിന് പിറകെയാണ് ക്രിക്കറ്റ് ലോകം.ഫീല്‍ഡറെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറുടെ നടപടിയാണ് വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്.വിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനിടെയായിരുന്നു സംഭവം.

ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ജീവേശന്‍ പില്ലേയെയാണ് അമ്പയര്‍ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിലെ 17-ാം ഓവറിലായിരുന്നു സംഭവം. ആ സമയത്ത് ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലായിരുന്നു. ഷോട്ടിനുള്ള ശ്രമം പരാജയപ്പെട്ട ജീവേശന്‍ ക്രീസിലേക്ക് തിരിച്ചുകയറി. ഇതിനിടയില്‍ പന്ത് സ്റ്റമ്പിന് നേരെ നീങ്ങിയിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ പന്ത് ബാറ്റുകൊണ്ട് തടഞ്ഞതിന് ശേഷം കൈയിലെടുത്ത ജീവേശ് പന്ത് വിന്‍ഡീസ് വിക്കറ്റ് കീപ്പറായ എമ്മാനുവല്‍ സ്റ്റ്യുവാര്‍ട്ടിന് കൊടുത്തു.

ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. ഫീല്‍ഡ് അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടു. മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

ഫീല്‍ഡറെ തടസ്സപ്പെടുത്തിയാല്‍ ഔട്ട് വിധിക്കാനുള്ള അധികാരം അമ്പയര്‍ക്കുണ്ട്. ഇതുപയോഗിച്ചാണ് അമ്പയര്‍ ജീവേശിനെ പുറത്താക്കിയത്. അതേസമയം വിന്‍ഡീസ് താരങ്ങളുടെയും അമ്പയറുടെയും തീരുമാനം ക്രിക്കറ്റിലെ നീതിക്ക് നിരക്കാത്തതാണെന്ന ആരോപണവുമായി നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.