ക്രിക്കറ്റിനെ നാണം കെടുത്തിയ മത്സരം;ബാറ്റ്സ്മാന്‍മാര്‍ മനഃപൂര്‍വം ഔട്ടായി; മത്സരം ഒത്തുകളിയോ

മാന്യനാമാരുടെ കളിയെന്ന പേരുള്ള ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന മത്സരമായിരുന്നു ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്സും തമ്മില്‍ നടന്നത്. 136 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന വാരിയേഴ്സ് 46 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.ഏറെ കൗതുകകരമായ കാര്യം ഷാര്‍ജ വാരിയേഴ്‌സിന്റെ ബാറ്റ്സ്മാന്‍മാരില്‍ ഏറെ പേരും സ്റ്റംപിങ്ങിലൂടെയോ റണ്‍ ഔട്ടിലൂടെയോ ആണ് പുറത്തായത് എന്നതാണ്.

മത്സരം കാണുന്ന ഏവര്‍ക്കും ഇതൊരു ഒത്തുകളിയാണെന്ന് മനസിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട കാര്യമില്ല.സംഭവത്തില്‍ ഐ സി സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് അജ്മന്‍ ഓള്‍ സ്റ്റാര്‍സ് ലീഗിലാണ് ക്രിക്കറ്റ് ഇന്നുവരെ കാണാത്ത അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.

ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് നേടുന്നതിന് വേണ്ടിയല്ല, മനഃപ്പൂര്‍വ്വം റണ്ണൗട്ടാകാന്‍ വേണ്ടിയാണ് ഓടിയതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.വിക്കറ്റുകള്‍ കാണുന്ന ആര്‍ക്കും ഒറ്റ നോട്ടത്തില്‍ത്തന്നെ അത് മനസിലാകും. ഒത്തുകളിയെ കുറിച്ച് എന്തെങ്കിലും വിവരമുളളവര്‍ക്ക് ഇത് contactacu@icc-cricket.com എന്ന വെബ്‌സൈറ്റ് വഴി അറിയിക്കാവുന്നതാണ്. സംഭവം തെളിഞ്ഞാല്‍ മല്‍സരത്തിന്റെ സംഘാടകര്‍ക്കും കളിക്കാര്‍ക്കും എല്ലാം ആജീവനാന്ത വിലക്ക് വരെയുളള നടപടികള്‍ ഐസിസി സ്വീകരിച്ചേക്കും.