രണ്ടു ദിവസം ബാറ്റിങ് 149 ഫോര്‍, 67 സിക്സ്, 1045 റണ്‍സ്;ക്രിക്കറ്റിലെ റെക്കോഡ് ഹൈ സ്‌കോറിട്ട് പതിനാലുകാരന്റെ ഇന്നിങ്സ്
നവി മുംബൈ:ഒരു ക്രിക്കറ്റ് മത്സരത്തില്‍ ആയിരത്തില്‍ കൂടുതല്‍ റണ്‍സ് അടിക്കുക എന്നത് സ്വപ്നത്തില്‍പ്പോലും നടക്കാത്ത കാര്യമാണ്.എന്നാല്‍ നവി മുംബൈയില്‍ നടന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ 1000 റണ്‍സടിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ പതിനാലുകാരന്‍.രണ്ടു ദിവസം ബാറ്റുചെയ്താണ് തനിഷ്‌ക ഘവാട്ടെ എന്ന പതിനാലുകാരന്‍ 1045 റണ്‍സ് അടിച്ചെടുത്ത് പുതിയ ചരിത്രമെഴുതിയത്.
യഷ്വന്ത് റാവു ചവാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍-14 നവി മുംബൈ ഷീല്‍ഡ് ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിലാണ് തനിഷ്‌കിന്റെ റെക്കോഡ് ഇന്നിങ്സ് പിറന്നത്. 515 പന്തുകളില്‍ നിന്ന് 149 ഫോറും 67 സിക്സറുകളും പറത്തിയാണ് തനിഷ്‌ക് ഈ റെക്കോര്‍ഡ് സ്‌കോര്‍ അടിച്ചെടുത്തത്.തിങ്കളാഴ്ച്ച തുടങ്ങിയ ബാറ്റിങ് ചൊവ്വാഴ്ച്ച അവസാനിക്കുമ്പോള്‍ തനിഷ്‌ക് ആയിരം റണ്‍സ് പിന്നിട്ടിരുന്നു.
അതേസമയം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂര്‍ണമെന്റിന് ലഭിച്ചിട്ടില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.