എല്ലാ ബാലലൈംഗിക പീഡനങ്ങള്‍ക്കും വധശിക്ഷ പരിഹാരമല്ലെന്ന് സര്‍ക്കാര്‍

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന എല്ലാ കേസുകള്‍ക്കും വധശിക്ഷ പരിഹാരമല്ലെന്ന് സര്‍ക്കാര്‍. 2012ലെ പോക്‌സോ നിയമത്തില്‍ തന്നെ ബാലലൈംഗിക പീഡനങ്ങള്‍ക്കുള്ള കടുത്ത ശിക്ഷ പരമാര്‍ശിച്ചിട്ടുണ്ടെന്നും വധശിക്ഷ എല്ലാ ശിശുപീഡനങ്ങള്‍ക്കുമുള്ള ഉത്തരമല്ലെന്നുമാണ് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. വധശിക്ഷ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ല. പോക്‌സോ നിയമ പ്രകാരം വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ തന്നെ കൊടുക്കുന്നുണ്ട്’, ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹ പറഞ്ഞു.

ബലാത്സംഗത്തിനിരയായ എട്ട്മാസം പ്രായമുള്ള കുട്ടിയുടെ കേസ് പരിഗണിക്കവെയാണ് പി എസ് നരസിംഹ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. എട്ട് മാസം പ്രായമുള്ള കുട്ടിക്ക് നേരെ നടന്ന ആക്രമത്തെ ‘നിഷ്ഠൂരം’ എന്ന് വിശേഷിപ്പിച്ച കോടതി പോക്‌സോയ്ക്ക് കീഴില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍, അവ വിചാരണ തീരാന്‍ എടുത്ത സമയം തുടങ്ങിയ കണക്കുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജി സമര്‍പ്പിച്ച വക്കീല്‍ കുറ്റക്കാരന് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യമുന്നയിച്ചപ്പോഴാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.