സൈലന്റ് വാലി ബഫര്‍സോണ്‍ മലകളില്‍ വന്‍ കാട്ടുതീ;ജൈവസമ്പത്തും നിരവധി വന്യ മൃഗങ്ങളും അഗ്‌നിക്കിരയായി

മണ്ണാര്‍ക്കാട്:വേനല്‍ ശക്തമായതോടെ പശ്ചിമഘട്ടമലനിരകളില്‍പ്പെട്ട സൈലന്റ് വാലി ബഫര്‍സോണ്‍ മലനിരകളോടു ചേര്‍ന്ന മേഖലയില്‍ കാട്ടുതീ പടര്‍ന്നു. കിലോമീറ്ററുകളോളം പടര്‍ന്നുപിടിച്ച കാട്ടുതീ ജൈവസമ്പത്തിനും വന്യജീവികള്‍ക്കും നാശമുണ്ടാക്കി.

ബുധനാഴ്ച ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കാനായതായി സൈലന്റ് വാലി റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്‍ പറഞ്ഞു. എല്ലാ വേനല്‍ക്കാലത്തും കിലോമീറ്ററുകളോളം ആളിപ്പടരുന്ന തീ അട്ടപ്പാടി മലനിരകളിലുണ്ടാകുന്നത് പതിവാണ്. ഇത് നിയന്ത്രിക്കാന്‍ ഇക്കുറി വനംവകുപ്പ് കാട്ടുതീ പ്രതിരോധത്തിനായി ശില്പശാലയടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടും മേഖലയിലെ കാട്ടുതീ നിയന്ത്രിക്കാന്‍ അധികൃതര്‍ക്കായില്ല. സൈലന്റ് വാലി ബഫര്‍സോണ്‍മേഖലയിലുണ്ടായ കാട്ടുതീ മലനിരകളുടെ ഒത്തമുകളിലാണ് പടര്‍ന്നുപിടിച്ചത്.

പാറക്കെട്ടുകളും പുല്ലുകളും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ പടര്‍ന്ന് മണ്ണൊലിപ്പും ക്രമേണ മലയിടിച്ചിലും ഉണ്ടാകുമെന്നതാണ് പ്രധാനപ്രശ്നം. നിലവിലുള്ള സംവിധാനങ്ങള്‍ തീയണയ്ക്കാന്‍ അപര്യാപ്തമാണെന്നാണ് വനവകുപ്പ് പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ കാട്ടുതീയില്‍ പത്തിലധികം ഹെക്ടര്‍ വനമാണ് അഗ്‌നിക്കിരയായതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.മലനിരകളില്‍ പടരുന്ന തീ നിയന്ത്രിക്കാന്‍ വനംവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു.