മന്ത്രിസഭാ യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല ; ക്വാറം തികയാതെ യോഗം പിരിഞ്ഞു
യോഗം ചേരാന്‍ ആവശ്യമായ മന്ത്രിമാര്‍ എത്താത്തിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം ക്വാറം തികയാതെ പിരിഞ്ഞു. ആറുമന്ത്രിമാര്‍ മാത്രമാണ് മുഖ്യമന്ത്രി വിളിച്ച പ്രത്യേക മന്ത്രിസഭായോഗത്തിനെത്തിയത്. 13 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. ഇതേതുടര്‍ന്നാണ് യോഗം പിരിഞ്ഞത്. ഇതേതുടര്‍ന്ന് കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. പ്രത്യേക മന്ത്രിസഭാ യോഗമുളളത് മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്.
അതേസമയം മന്ത്രിസഭാ യോഗം തിങ്കളാഴ്ച വീണ്ടും ചേരും. അതേസമയം സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത പതനത്തിലെത്തിയ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുന്‍പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യമെന്ന് അദ്ധേഹം പറഞ്ഞു.