‘പിങ്ക് ഡേ’യില്‍ അപകടകാരി എബിഡി; ഇന്ന് ജയിച്ചാല്‍ കോഹ്ലി പടയ്ക്ക് പുതിയ റെക്കോര്‍ഡ്

ഇന്ന് ജയിച്ചാല്‍ കോഹ്ലിയും കൂട്ടാളികളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്ര പുസ്തകത്തില്‍ പുതിയൊരു നേട്ടം കൂടി എഴുതി ചേര്‍ക്കും. വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര നേട്ടം എന്ന പുതിയ ചരിത്രം രചിക്കാം. പക്ഷെ ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പിങ്ക് ഏകദിനമാണെന്നതാണ് ആ പ്രത്യേകത. ദക്ഷിണാഫ്രിക്ക കളിക്കുന്ന ഏഴാം പിങ്ക് ഏകദിനമാണിത്. സ്തനാര്‍ബുദതിനെതിരായ ബോധവത്കരണത്തിനായാണ് പിങ്ക് ഏകദിനം നടത്തപ്പെടുന്നത്.അതെസമയം ഇതുവരെ നടന്ന ആറ് പിങ്ക് ഏകദിനങ്ങളിലും വിജയച്ചത് ദക്ഷിണാഫ്രിക്കയാണ്. അതിനാല്‍ തന്നെ ഏറെ ആത്മവിശ്വസാത്തോടെയാകും ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുക.

പിങ്ക് ഏകദിനത്തില്‍ കൂടുതല്‍ കരുത്താനാകാറുള്ള ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട് എന്നത് ഇന്ത്യക്ക് നേരിയ ആശങ്ക നല്‍കും.2013 ല്‍ ഇന്ത്യ ഒരു പിങ്ക് ഏകദിനം കളിച്ചിട്ടുണ്ട്. അന്ന് ദക്ഷിണാഫ്രിക്ക 141 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. 47 പന്തില്‍ 77 റണ്‍സ് നേടി അന്ന് തകര്‍ത്തടിച്ച ഡിവില്ലിയേഴ്സിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിന് 358 റണ്‍സാണ് അടിച്ചുകൂട്ടിയത്.2015 ല്‍ നടന്ന പിങ്ക് ഡേ മത്സരത്തിലാണ് വെസ്റ്റിന്‍ഡീസിനെതിരെ ഡിവില്ലിയേഴ്സ് ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയത്. അന്ന് 49 പന്തില്‍ 149 റണ്‍സാണ് ഡിവില്ലിയേഴ്സ് അടിച്ചുകൂട്ടിയത്.

പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഒരു ജയം കൂടി നേടിയാല്‍ പരമ്പര സ്വന്തമാക്കാം.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഏകപക്ഷീയ ജയം സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇന്നിറങ്ങുക.