ബോളിനു പകരം സ്റ്റമ്പില്‍ക്കൊണ്ടത് ഹെല്‍മറ്റ്; പക്ഷെ ബാറ്റ്‌സ്മാന്‍ ഔട്ട്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താകലിതാണ്

ക്രിക്കറ്റില്‍ ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയില്‍ വിക്കറ്റ് തെറിച്ചതിന്റെ നിരാശയിലാണ് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍ക്ക് ചാപ്മാന്‍. ഓസ്ട്രേലിയക്കെതിരെ ത്രിരാഷ്ട്ര ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാപ്മാന്റെ വിക്കറ്റ് കണ്ടാല്‍ ആരും ആ വിക്കറ്റ് നിര്‍ഭാഗ്യമെന്ന് പറഞ്ഞുപോകും. ഓസീസ് പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കിന്റെ പന്ത് ഹെല്‍മെറ്റില്‍ പതിക്കുകയും ഹെല്‍മെറ്റ് ഇളകി സറ്റംമ്പിലേക്ക് വീണതുമാണ് ചാപ്മാന് വിനയായത്.

മത്സരത്തിന്റെ 18ാം ഓവറിലാണ് സംഭവം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താകലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മത്സരത്തില്‍ 16 റണ്‍സാണ് ചാപ്മാന്റെ സമ്പാദ്യം. അതെസമയം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 244 റണ്‍സെടുത്തു. വെടിക്കെട്ട് സെഞ്ച്വറി നേടിയ ഗുപ്റ്റില്‍ ആണ് ന്യൂസിലന്‍ഡിനായി കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒന്‍പത് സിക്സും ആറ് ഫോറും അടക്കം ഗുപ്റ്റില്‍ 54 പന്തില്‍ 105 റണ്‍സെടുത്തു.