പിഎന്‍ബി തട്ടിപ്പ് :നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 11,300 കോടിയുടെ പി.എന്‍.ബി തട്ടിപ്പിക്കേസിലെ പ്രതി നീരവ് മോദിക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. അഭിഭാഷകനായ വിനീത് ധന്‍ഡയാണു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. അതേസമയം നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയെ കേന്ദ്രം എതിര്‍ത്തു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി.
കേസ് മാര്‍ച്ച് 16-ന് വീണ്ടും പരിഗണിക്കും.

പിഎന്‍ബി, റിസര്‍വ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങളെയും കക്ഷികളായി ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎന്‍ബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയ കാര്യങ്ങളാണു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

രാജ്യത്തെ ബാങ്ക് തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കണം. ഇങ്ങനെ തട്ടിപ്പു നടന്നാല്‍ അതിന് ഒത്താശ ചെയ്യുന്ന ജീവനക്കാര്‍ വിരമിച്ചാലും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി വായ്പ തിരിച്ചുപിടിക്കണം. വിരമിച്ച ജഡ്ജിമാരും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാകണം. പൊതുജനത്തെയും രാജ്യത്തിന്റെ ഖജനാവിനെയും ഈ തട്ടിപ്പു ഗുരുതരമായി ബാധിക്കുന്നു. രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന ഏജന്‍സി അത് അന്വേഷിച്ചാല്‍പ്പോര. റിസര്‍വ് ബാങ്കിന്റെ ധനകാര്യ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചല്ല പല വായ്പകളും അനുവദിക്കുന്നതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങള്‍ക്കായി പോയതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു. നീരവ് തെറ്റൊന്നും ചെയ്തിട്ടില്ല. അദ്ദേഹം കുറ്റക്കാരനല്ല. ബോഫോഴ്‌സ്, ടുജി, ആരുഷി കേസുകളില്‍നിന്ന് പ്രതികള്‍ രക്ഷപെട്ടതുപോലെ നീരവ് രക്ഷപെടുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.