നീരവ് മോദിയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി സിബിഐ
തട്ടിപ്പ് വീരന്‍ നീരവ് മോദിയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി സിബിഐ. മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി രാജ്യംവിട്ടത്. കേസില്‍ നീരവ് മോദിക്കും ബന്ധുക്കള്‍ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയാണ് സി.ബി.ഐ ഇപ്പോള്‍.
നീരവ് മോദിയെയും മദ്യരാജാവ് വിജയ് മല്യയെയും ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. എന്നാല്‍, നീരവ് മോദി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് സി.ബി.ഐ അധികൃതര്‍ പറയുന്നത്. അതേസമയം സി.ബി.ഐയുടെ അഭ്യര്‍ഥന ഇന്റര്‍പോള്‍ ഉടന്‍ പരിഗണിക്കുമെന്നാണ് സൂചന.