വായ്പാ തട്ടിപ്പില്‍ കുടുങ്ങി എസ്ബിഐയും ; തട്ടിച്ചത് ആയിരം കോടി

വായ്പയെടുത്ത് മുങ്ങിയ സ്വര്‍ണവ്യാപാര സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തുന്നതിന് സിബിഐയുടെ സഹായം തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ചെന്നൈ ആസ്ഥാനമായ കനിഷ്‌ക് ഗോള്‍ഡ് എന്ന കമ്പനി 824.15 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരിയില്‍ നടന്ന സംഭവം ഇപ്പോഴാണ് മാധ്യമങ്ങള്‍ അറിയുന്നത്. ബിസിനസ്സില്‍ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് 2017 മെയില്‍ കനിഷ്‌ക് ഗോള്‍ഡ് കമ്പനി അടച്ചുപൂട്ടിയെന്നാണ് മദ്രാസ് ജ്വല്ലഴ്‌സ് ആന്റ് ഡയമണ്ട്‌സ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നത്.

2007ലാണ് കണ്‍സോര്‍ഷ്യം വന്‍തുക കമ്പനിക്ക് വായ്പയായി നല്കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ച സിബിഐ ഇന്ന് കമ്പനി ഓഫീസിലും ഉടമകളുടെ വീടുകളിലും റെയ്ഡ് നടത്തി. എസ്ബിഐയുടെ നേതൃത്വത്തില്‍ 14 പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കനിഷ്‌ക് ഗോള്‍ഡ് കമ്പനിക്ക് വായ്പ നല്കിയത്. ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. 2017 മാര്‍ച്ച് മുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങി. ആയിരം കോടി രൂപയ്ക്ക് മേലെ കമ്പനി ബാങ്കുകള്‍ക്ക് നല്‍കുവാനുള്ളത്.