കൊന്നുകളയുമെന്ന് നീരവ് മോദി; കോടതിയില്‍ വീഡിയോ

 

 

 

 

 

 

 

 

 

 

 

കോടികളുടെ വായ്പാതട്ടിപ്പു നടത്തി ഇന്ത്യവിട്ട നീരവ് മോദി, തങ്ങളെ കൊന്നുകളയുമെന്നും മോഷണക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതിന്റെ വീഡിയോ സി.ബി.ഐ യുകെ കോടതിയില്‍ സമര്‍പ്പിച്ചു. നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ വാദത്തിനിടെയാണ് സി.ബി.ഐ നിര്‍ണായക വെളിപ്പെടുത്തലുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ എത്തിച്ചത്.

ആറ് ഇന്ത്യക്കാര്‍ നീരവ് മോദിക്കും സഹോദരന്‍ നെഹാല്‍ മോദിക്കും എതിരെ ആരോപണം ഉന്നയിക്കുന്നതാണു വിഡിയോയില്‍ ഉള്ളത്. നീരവ് മോദിയുമായി ബന്ധമുള്ള പല കമ്പനികളുടെയും ഡമ്മി ഡയറക്ടര്‍മാരാണിവര്‍. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു കോടിക്കണക്കിനു രൂപയുടെ വായ്പാതട്ടിപ്പു നടത്തിയാണ് നീരവ് ഇന്ത്യ വിട്ടത്.

നീരവിനെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മധ്യ ലണ്ടനില്‍ ആഡംബര അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞിരുന്ന നീരവിനെ 2019 മാര്‍ച്ച് 19നാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവിന് ജാമ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. നീരവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ചുമത്താനുള്ള വാദമാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബറില്‍ മാത്രമേ വാദം അവസാനിക്കുകയുള്ളു.