വൈറ്റ് ഹൗസ് അത്താഴവിരുന്നില്‍ എന്താണ് സംഭവിച്ചത്; ആരാണ് കോള്‍ തോമസ് അലന്‍?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവയ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വിരുന്നിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ടയുടന്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ചേര്‍ന്ന് പ്രസിഡന്റ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും വിരുന്നിനിടെയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വിരുന്നിന്റെ പ്രധാന ഹാളില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന വേളയിലായിരുന്നു സംഭവം. ഹോട്ടലിന്റെ സുരക്ഷാ പരിശോധന കേന്ദ്രത്തിന് സമീപമാണ് വെടിവയ്പുണ്ടായത്. തുടര്‍ച്ചയായി അഞ്ചോ എട്ടോ തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ ഹാളിലുണ്ടായിരുന്ന അതിഥികള്‍ പരിഭ്രാന്തരായി മേശകള്‍ക്ക് അടിയില്‍ ഒളിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, കാബിനറ്റ് അംഗങ്ങള്‍ തുടങ്ങിയവരെയും മിനിറ്റുകള്‍ക്കുള്ളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വെടിവെപ്പ് നടത്തിയ കാലിഫോര്‍ണിയ സ്വദേശിയായ കോള്‍ ടോമസ് അലന്‍ (31) എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ പക്കല്‍ നിന്ന് ഷോട്ട്ഗണ്‍, ഹാന്‍ഡ് ഗണ്‍ തുടങ്ങി ഒന്നിലധികം ആയുധങ്ങള്‍ കണ്ടെടുത്തു. അക്രമി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു.

ഇയാള്‍ കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള ഒരു എഞ്ചിനീയറാണെന്നാണ് വിവരം. പ്രതിയുടെ വീട്ടില്‍ എഫ്.ബി.ഐ തിരച്ചില്‍ നടത്തി വരികയാണ്. ഇയാള്‍ക്ക് ഏതെങ്കിലും വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വെടിവയ്പില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ അക്രമിയെ തടയാന്‍ ശ്രമിച്ച ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായതായി ട്രംപ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചു. ‘വാഷിങ്ടണില്‍ ഇതൊരു വ്യത്യസ്തമായ വൈകുന്നേരമായിരുന്നു. സീക്രട്ട് സര്‍വീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ധീരമായും വേഗത്തിലും പ്രവര്‍ത്തിച്ചു,’ അദ്ദേഹം കുറിച്ചു. സുരക്ഷാ കാരണങ്ങളാല്‍ വിരുന്ന് പാതിവഴിയില്‍ റദ്ദാക്കി. വരും ദിവസങ്ങളില്‍ പരിപാടി വീണ്ടും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എഫ്.ബി.ഐയും മെട്രോപൊളിറ്റന്‍ പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.