ചിപ്പ് മുതല്‍ ഷിപ്പ് വരെ: ഇന്ത്യ- ദക്ഷിണ കൊറിയ ബന്ധത്തില്‍ സഹകരണം ഉറപ്പാക്കി മോദിയും ലീയും
ഡല്‍ഹി: വ്യാപാര കരാറുകള്‍ നവീകരിക്കാനും സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഇന്ത്യയും ദക്ഷിണ കൊറിയയും കൈകോര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ്ങും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായക തീരുമാനം.
നിര്‍മ്മിത ബുദ്ധി (എഐ), സെമികണ്ടക്ടര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ഇന്ത്യ-കൊറിയ ഡിജിറ്റല്‍ ബ്രിഡ്ജ് ആരംഭിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി പറഞ്ഞു. കപ്പല്‍ നിര്‍മ്മാണം, സുസ്ഥിരത, ഉരുക്ക്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുന്നുവെന്നും ഡിജിറ്റല്‍ സഹകരണ കരാറിനെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകള്‍ പരിഷ്‌കരിക്കാനും തടസ്സങ്ങള്‍ നീക്കി വ്യാപാരം ഇരട്ടിയാക്കാനും ധാരണയായി. നിലവില്‍ 27 ബില്യണ്‍ ഡോളറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. 2030 ആകുമ്പോഴേക്കും ഇത് 50 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ന് നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി.
കപ്പല്‍ നിര്‍മ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ചട്ടക്കൂട് രൂപീകരിക്കാനും പ്രതിരോധം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ‘പ്രസിഡന്റ് ലീയുടെ സന്ദര്‍ശനത്തോടെ, വിശ്വസനീയമായ പങ്കാളിത്തത്തെ ഭാവി പങ്കാളിത്തമാക്കി മാറ്റാന്‍ പോകുന്നു. ചിപ്പുകള്‍ മുതല്‍ കപ്പലുകള്‍ വരെ, കഴിവുകള്‍ മുതല്‍ സാങ്കേതികവിദ്യ വരെ, പരിസ്ഥിതി മുതല്‍ ഊര്‍ജ്ജം വരെ എല്ലാ മേഖലകളിലും സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ നാം തിരിച്ചറിയും,’ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.



