ബൗണ്ടറി ലൈനില്‍ പറന്നെടുത്ത ഈ അഫ്രീദി ക്യാച്ചിനെ എന്ത് വിശേഷിപ്പിക്കണമെന്ന് നിങ്ങള്‍തന്നെ പറ

വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിലാകും പാക് ക്രിക്കറ്റ് താരം അഫ്രീദിയെ പലര്‍ക്കും അറിയുക. താരം നല്ലൊരു സ്പിന്നറും കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറവസാനിപ്പിച്ചിട്ട് വര്‍ഷം പലത് കഴിഞ്ഞിട്ടും പ്രീമിയര്‍ ലീഗിലും ക്രിക്കറ്റിന്റെ പ്രചാരണ മത്സരങ്ങളിലും കളിച്ച് അഫ്രീദി ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായിത്തന്നെയുണ്ട്. ഇപ്പോള്‍ തന്റെ സുദീര്‍ഘമായ കരിയറിലെ ഏറ്റവും മികച്ച ക്യാച്ചെടുത്താണ് അഫ്രീദി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുന്നത്.

പാക് സൂപ്പര്‍ ലീഗില്‍ ഖ്വാട്ട ഗ്ലാഡിയേറ്റേഴ്സിന്റെ ഉമര്‍ അമീറിന്റെ ക്യാച്ചാണ് കറാച്ചി കിംഗ്സ് താരം കൂടിയായ ഷാഹിദ് അഫ്രീദി അത്ഭുതകരമായി കൈപിടിയില്‍ ഒതുക്കിയത്.

മുഹമ്മദ് ഇര്‍ഫാന്റെ പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്സ് പറത്താനായിരുന്നു ഉമര്‍ അമീന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനില്‍ പന്തിനെ ഒറ്റക്കൈയില്‍ ഒതുക്കിയ അഫ്രീദി പന്ത് മുകളിലേക്കെറിഞ്ഞ് ബൗണ്ടറി ലൈന്‍ കടക്കുകയും ബാലന്‍സ് വീണ്ടെടുത്ത ശേഷം പന്ത് തിരികെ ഗ്രൗണ്ടില്‍ പ്രവേശിച്ച് പിടിയിലൊതുക്കുകയും ആയിരുന്നു. അഫ്രീദിയുടെ ക്യാച്ച് ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.