നീരവ് മോദി നോട്ട് നിരോധനം മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് ആരോപണം ; നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി 90 കോടി നിക്ഷേപിച്ചു

തട്ടിപ്പ് നടത്തി നാട് വിട്ട രത്നവ്യാപാരി നീരവ് മോദി നോട്ട് നിരോധനം മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് ആരോപണം. എന്‍സിപി എംപി മജീദ് മേമനാണ് കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ശാഖകളില്‍ ഒന്നില്‍ 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതായി എംപി മജീദ് മേമന്‍ ആരോപിക്കുന്നു.

ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ മേമന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഇതേ ആരോപണം ഉന്നയിച്ചു. നോട്ട് നിരോധനത്തിന് തൊട്ട് മുമ്പ് നീരവിന് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയെന്നുംമേമന്‍ ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും മേമന്‍ പറഞ്ഞു.