ദേശീയ സീനിയര്‍ വോളി ഫൈനല്‍: പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച് മൂന്നാം സെറ്റും സ്വന്തമാക്കി കേരളം;

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ് വനിതാ വിഭാഗം ഫൈനല്‍ ആവശേകരമായ അന്ത്യത്തിലേക്ക്. ആദ്യ സെറ്റ് സ്വന്തമാക്കിയ റെയില്‍വേക്കെതിരെ തുടര്‍ച്ചയായ രണ്ട് സീറ്റുകള്‍ നേടി കേരളം തിരിച്ചടിച്ചു. ആവേശപ്പോരാട്ടം കണ്ട രണ്ടാം സെറ്റില്‍ 28-26നാണ് കേരള വനിതകളുടെ വിജയം.

മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ റെയില്‍വേ കരുത്തുക്കാട്ടിയെങ്കിലും തുടര്‍ച്ചയായി പോയിന്റുകള്‍ നേടി കേരളം മൂന്നാം സീറ്റും തങ്ങളുടെ പേരിലാക്കി. അഞ്ജു ബാലകൃഷ്ണന്‍, അനുശ്രീ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം സെറ്റില്‍ കേരളത്തിന് തുണയായത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തുടര്‍ച്ചയായി റെയില്‍വേയോട് ഫൈനലില്‍ പരാജയപ്പെടുന്ന കേരളത്തിന് അഭിമാനം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമാണ് ഇത്. നേരത്തെ, സെമി പോരാട്ടത്തില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരള വനിതകള്‍ ഫൈനലില്‍ കടന്നത്. അതേസമയം, മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് റെയില്‍വേയുടെ ഫൈനല്‍ പ്രവേശം.

കേരള വനിതകള്‍ ഇതുവരെ 10 തവണ കിരീടം ചൂടിയിട്ടുണ്ട്. ഇക്കുറി കോഴിക്കോടിന്റെ മണ്ണില്‍ 11-ാം കിരീടമുയര്‍ത്താന്‍ അവര്‍ക്കാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.