ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയും കിരീടം കേരളത്തിന്
ദേശീയ വോളിബോള്‍ പുരുഷ കിരീടം നിലനിര്‍ത്തി കേരളം. ഇത് ആറാം തവണയാണ് കേരളം കിരീടം നേടുന്നത്. നാല് സെറ്റുകള്‍ നീണ്ട പുരുഷ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോര്‍: (24-26, 25-23, 25-19, 25-21). ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച ഫോമില്‍ കളിച്ച റെയില്‍വേസ് ആദ്യ സെറ്റ് നിഷ്പ്രയാസം സ്വന്തമാക്കി.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത കേരള താരങ്ങള്‍ പിന്നീടുള്ള മൂന്നു സെറ്റുകളും തിരിച്ചുപിടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. ഒറ്റ മത്സരങ്ങളില്‍ പോലും തോല്‍വി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം. നേരത്തെ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ റെയില്‍വേസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതായി കേരളത്തിന്റെ പുരുഷ ടീമിന്‍റെ വിജയം.