കരുതിയിരുന്നോളു; ഇത്തവണത്തെ വേനല്‍ ചുട്ടു പൊള്ളിക്കും; സൂര്യഘാത ഭീഷണി ഉയര്‍ന്ന തോതില്‍; കുടിവെള്ളം കിട്ടാതെയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്രാവശ്യം വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ പകുതിയില്‍ വേനല്‍മഴ തുടങ്ങുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ചൂട് വലിയ തോതില്‍ വര്‍ധിച്ചിരുന്നു. 2016-ല്‍ മലമ്പുഴയില്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ശരിയായാല്‍ ഇത്തവണ കേരളത്തില്‍ ഇതിനേക്കാള്‍ കടുത്ത ചൂടുണ്ടായേക്കും. 42 ഡിഗ്രി വരെ ചൂട് കൂടിയേക്കും.
കുറഞ്ഞ താപനിലയില്‍ 0.74 ഡിഗ്രി വരെ വര്‍ധനയുണ്ടാകുമെന്നാണു പ്രവചനം. അതായത്, രാത്രിയിലും അതിരാവിലെയുമൊന്നും ചൂടിനു കാര്യമായ ആശ്വാസം പ്രതീക്ഷിക്കേണ്ട. ചൂടു വര്‍ധിക്കുന്നതിനൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമാകും.വേനല്‍ കനക്കുന്നതോടെ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതകളും ഉയരും. ഏതാനും വര്‍ഷങ്ങളായി സൂര്യാഘാതം മൂലം പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമായിരുന്നു. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതോടെ ഊര്‍ജ പ്രതിസന്ധിക്കും സാധ്യതയുണ്ട്.