തുറന്ന് വച്ചിട്ടുണ്ട് പക്ഷെ തുറിച്ചു നോക്കാനല്ലായിരുന്നു; 1984 ലെ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ സ്റ്റാമ്പ് വീണ്ടും ശ്രദ്ധേയമാവുന്നു

ന്യൂഡല്‍ഹി: തുറന്നു വച്ചിട്ട് ‘തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണ’മെന്ന കാപ്ഷനോടെ പുറത്തിറങ്ങിയ മലയാളം വനിതാ മാഗസിന്റെ കവര്‍, സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോള്‍ 1984 ലെ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ സ്റ്റാമ്പ് വീണ്ടും ശ്രദ്ധേയാകര്‍ഷിക്കുകയാണ്. മറയില്ലാതെ കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമാണ് 1984 ല്‍ പുറത്തിറങ്ങിയ പോസ്റ്റല്‍ സ്റ്റാമ്പിലുള്ളത്.

കുഞ്ഞുങ്ങള്‍ക്കു മൂലയൂട്ടുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു സ്റ്റാമ്പ് പുറത്തിറക്കിയത്. മൂന്നു ദശാബ്ദങ്ങള്‍ക്കു പിന്നില്‍ ഈ പ്രമേയമുള്ള സ്റ്റാമ്പ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അക്കാലത്ത് ഇത് വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നില്ല.

ഇന്ത്യ മാത്രമല്ല ഇത്തരത്തിലുള്ള പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗ്രീസ്, ഫ്രാന്‍സ്, ഇറാന്‍, മ്യാന്‍മര്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും മുലയൂട്ടുന്ന ചിത്രമുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളം വനിതാ മാഗസിന്റെ കവര്‍ ചിത്രമായി മോഡല്‍ ജിലു ജോസഫായിരുന്നു. ഇവര്‍ക്കെതിരെ വ്യാപക ആക്ഷേപമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.