അവസാന പന്തില്‍ സിക്സ് അടിച്ച് കാര്‍ത്തിക് ; ത്രിരാഷ്ട്ര കിരീടം ഇന്ത്യക്ക്
കൊളംബോ: അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കളിയില്‍ ബംഗ്ലാദേശിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി പ്രഥമ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്സ്. പുറത്താവാതെ വെറും എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 29 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അവസാന പന്തില്‍ ഇന്ത്യക്കു ജയിക്കാന്‍ അഞ്ചു റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ സൗമ്യ സര്‍ക്കാരിന്റെ പന്ത് സിക്സറിലേക്ക് പറത്തി കാര്‍ത്തിക് ഇന്ത്യയെ ആവേശത്തിലാറാടിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇന്ത്യ ആറു വിക്കറ്റിന് 168 റണ്‍സെടുത്ത് കിരീടം കൈക്കലാക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതു മൂന്നാം തവണയാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ വെന്നിക്കൊടി പാറിക്കുന്നത്. നേരത്തേ നടന്ന രണ്ടു കളികളിലും ബംഗ്ലാദേശിനെ ഇന്ത്യ കീഴടക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മികച്ച തുടക്കമാണ് നല്‍കിയത്. 42 പന്തില്‍ 56 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. എന്നാല്‍ മധ്യ ഓവറുകളില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ പിഴുതെടുത്ത് ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ബംഗ്ലാദേശ് വിജയം ഉറപ്പിച്ച സമയത്താണ് 19-ാം ഓവറിന്റെ തുടക്കത്തില്‍ കാര്‍ത്തിക് ഇറങ്ങിയതും വിജയം ഇന്ത്യയുടെ കൈപ്പിടിയില്‍ ഒതുക്കിയതും.