ഇന്ത്യാ വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ ; നടന്നത് അഴിമതി നടത്തുവാനുള്ള ഗൂഢാലോചന
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റിന് തിരുവനന്തപുരം തന്നെ വേദിയായേക്കും. കളി കൊച്ചിയിലേയ്ക്ക് മാറ്റുവാന്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ ഇടപെട്ടു തിരുത്തുകയായിരുന്നു. നേരത്തെ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ആവശ്യം പരിഗണിച്ച് മത്സരം കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഐ.എസ്.എല്ലിന്റെ വേദിയായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ഫുട്‌ബോള്‍പ്രേമികളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ക്രിക്കറ്റിന് പിച്ചൊരുക്കാന്‍ ഗ്രൗണ്ട് കുത്തിക്കിളയ്‌ക്കേണ്ടിവരുന്നതിനാല്‍ പിന്നീട് അവിടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയില്ല എന്നതായിരുന്നു ഫുട്‌ബോള്‍പ്രേമികളുടെ ആശങ്ക. ഇതിനെതിരെ ഐ.എം.വിജയന്‍, റിനോ ആന്റോ തുടങ്ങിയ മുതിര്‍ന്ന കളിക്കാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എ.സി.മൊയ്തീന്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. മത്സരം തിരുവനന്തപുരത്ത് നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
കോടികള്‍ ചെലവാക്കി കൊച്ചിയിലെ ഗ്രൗണ്ട് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കഴിഞ്ഞ വര്‍ഷമാണ് മാറ്റി പണി കഴിപ്പിച്ചത്. ഫിഫ അംഗീകാരം ലഭിച്ച രാജ്യത്തെ ആറ് സ്റ്റേഡിയങ്ങളിലൊന്നാണ് കൊച്ചി ഗ്രൌണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവിടെയാണ് ക്രിക്കറ്റ് നടത്താന്‍ തീരുമാനം. കളി നടക്കണമെങ്കില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് ക്രിക്കറ്റിനു അനുയോജ്യമായ രീതിയില്‍ മാറ്റണം. എപ്പോള്‍ വേണമെങ്കിലും ക്രിക്കറ്റ് മത്സരം നടത്താന്‍ തയ്യാറായി തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയമുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു സ്റ്റേഡിയത്തെ മാറ്റുന്നത്? കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിന് അനിയോജ്യമാക്കി മാറ്റിയെടുക്കണമെങ്കില്‍ കോടികളാണ് ചെലവ് വരുക.
പിച്ച് നിര്‍മ്മാണവും, വിഐപി ബോക്‌സ് ഒരുക്കവുമെല്ലാം ആദ്യം മുതല്‍ തുടങ്ങണം. ആദ്യം ഗ്രൗണ്ടിന്റെ ഘടന തന്നെ മുഴുവനായി മാറ്റേണ്ടി വരും. ഇപ്പോഴത്തെ പുല്‍ പ്രതലത്തിന്റെ കട്ടി നേരം പകുതിയായെങ്കിലും കുറയ്‌ക്കേണ്ടിവരും. ഗ്രൗണ്ടിലെ ഡ്രെയ്‌നേജ് സിസ്റ്റം മുഴുവനായി മാറ്റി പണികഴിപ്പിക്കേണ്ടി വരും. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. കൂടാതെ സ്റ്റേഡിയത്തിന്റെ സുരക്ഷയിലും കെട്ടുറപ്പിലും ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയില്‍ തന്നെ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ അതും പരിഹരിക്കേണ്ടി വരും. ഒരു കളിയ്ക്ക് വേണ്ടി മാറ്റുന്ന ഈ സ്റ്റേഡിയം വീണ്ടും ഫുട്‌ബോളിനായി മാറ്റുമ്പോഴോ. ഇതിന്റെ ഇരട്ടി ചിലവുകള്‍ വേണ്ടി വരും. അങ്ങനെ കോടികള്‍ ധൂര്‍ത്ത് അടിക്കുന്നത് എന്തിനാണ്? എന്നാണു ഇപ്പോള്‍ ചോദ്യം ഉയരുന്നത്.