ആര്‍ എസ് എസിന്‍റെ കഥ സിനിമയാക്കുന്ന കാര്യം ഇതുവരെ അറിഞ്ഞില്ല എന്ന് പ്രിയദര്‍ശന്‍ ; അങ്ങനെ ഒരു സിനിമ ഒരുക്കേണ്ട ആവശ്യം തനിക്കില്ല
ആര്‍എസ്എസിന്റെ ചരിത്രത്തെ പ്രമേയമാക്കി സിനിമ നിര്‍മ്മിക്കുന്നതായി കഴിഞ്ഞ കുറെ ദിവസങ്ങളിലായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളായ ഡോ. കെബി ഹെഡ്ഗൊവര്‍, മാധവ് സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടേത് അടക്കമുള്ള ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ബാഹുബലിയ്ക്ക് കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് കഥയൊരുക്കുന്ന സിനിമയില്‍ അക്ഷയ് കുമാര്‍ നായകനാവുന്നു. കന്നഡ തെലുങ്ക്, മലയാളം അടക്കമുള്ള ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രചരിച്ച വാര്‍ത്ത ആഘോഷമാക്കിയ ട്രോളന്മാര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നല്ല പൊങ്കാല തന്നെയാണ് നല്‍കിയത്. എന്നാല്‍ വന്ന വാര്‍ത്തകള്‍ സത്യമായിരുന്നില്ല. ആര്‍എസ്എസിന് വേണ്ടി സിനിമ താന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന കാര്യം ലോകം മുഴുവന്‍ അറിഞ്ഞിട്ടും താന്‍ അറിഞ്ഞില്ല എന്നാണു സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. ചിലര്‍ അയച്ച് തന്ന മെസേജിലൂടെയായിരുന്നു താന്‍ ഇക്കാര്യം അറിഞ്ഞത്.
സ്വപനത്തില്‍ പോലും അങ്ങനെ ഒരു പ്രേജക്ടില്ലെന്നും ഇതെല്ലാം പുതിയ അറിവാണെന്നും സംവിധായകന്‍ പറയുന്നു. കുറച്ച് കാലങ്ങളായി തന്റെ സിനിമകളെയും താരങ്ങളെയും കുറിച്ച് തീരുമാനിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ ചിലരാണ്. അവരെന്തെങ്കിലും പടച്ച് വിടും. അത് പലരും വായിക്കുന്നു. എന്നാല്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. ഇത്രയും കാലം ജോലി ചെയ്തിട്ടും തനിക്ക് അതിന് സ്വാതന്ത്ര്യം ഇല്ലെന്ന് സംവിധായകന്‍ ചോദിക്കുന്നു.
ഇങ്ങനെ ഒന്ന് കേട്ടതോടെ ആളുകള്‍ വിളിയോട് വിളിയാണ്. ഇനിയും ചിന്തിക്കാത്ത കാര്യത്തെ കുറിച്ച് പലരും ഉപദേശിക്കുകയാണ്. ചിലര്‍ ശരിയാണെന്നും മറ്റ് ചിലര്‍ തെറ്റാണെന്നുമാണ് പറയുന്നത്. സമയം കളയാന്‍ നിക്കുന്നവര്‍ക്കെല്ലാം ഇതൊക്കെ രസമായിരിക്കും. എന്നാല്‍ ഉള്ള സമയം കൊണ്ട് ജീവിക്കാനായി ഓടുന്ന എന്നെ പോലുള്ളവര്‍ക്ക് ഇതുപോലുള്ള ഇല്ലാകഥകള്‍ കേള്‍ക്കാനുള്ള സമയമില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
ആര്‍എസ്എസ് മാത്രമല്ല മറ്റ് പാര്‍ട്ടികളെ കുറിച്ചും സിനിമ എടുക്കണമെന്നാണ് തന്റെ അഗ്രഹമെന്നും ഇതൊക്കെ ചെയ്ത് നോക്കിയാല്‍ മാത്രമേ സിനിമ എത്ര പ്രയാസമുള്ള ജോലിയാണെന്ന് എല്ലാവര്‍ക്കും അറിയാന്‍ കഴിയുകയുള്ളുവെന്നും പ്രിയന്‍ വ്യക്തമാക്കുന്നു. താന്‍ ബോളിവുഡില്‍ മുന്‍പ് ചെയ്തിരുന്ന സിനിമകളെല്ലാം കച്ചവട സിനിമകളാണ്. എന്നാല്‍ ആര്‍എസ്എസിന്റെ സിനിമ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.