തിയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥരും കേസില്‍ കുടുങ്ങും
സംസ്ഥാനത്തിനു ഒന്നാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ പ്രതിക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരും കേസില്‍ കുടുങ്ങും. സംഭവം നടന്ന ഇന്നലെ രാത്രി തന്നെ ചങ്ങരംകുളം എസ്‌ഐ കെജി ബേബിയെ സസ്പെന്‍ഡ് ചെയതെങ്കിലും സംഭവം നേരത്തെ അറിഞ്ഞ ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്. മലപ്പുറം എസ്പിയും സംഭവം നേരത്തെ അറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസിന്റെ വീഴ്ച മധ്യമേഖല ഡിഐജിയാണ് അന്വേഷിക്കുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന ചങ്ങരംകുളം പോലീസിന്റെ വീഴ്ചയാണ് അന്വേഷിക്കുക. സംഭവത്തില്‍ എസ്‌ഐക്കു പുറമെ നാലു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും ഡിവൈഎസ്പിക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
പത്തു വയസുകാരിയെ സിനിമാ ടാക്കീസില്‍ പീഡിപ്പിക്കുന്ന ദൃശ്യമടങ്ങിയ പരാതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പോലീസിനു സമര്‍പ്പിച്ചതാണ് എങ്കിലും ഒരു വിരല്‍ അനക്കുവാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. കേസ് പൂഴ്ത്തിവെച്ച പോലീസ് പ്രതിയെ വിവരം അറിയിച്ചതായും സംശയം ഉണ്ട്. ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞ് ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തവന്നിട്ടും പോലീസ് ആദ്യം കുലുങ്ങിയില്ല. ഏപ്രില്‍ 18ന് സംഭവം നടന്നത് സിസിടിവിയില്‍ കണ്ട തിയ്യറ്റര്‍ ജീവനക്കാര്‍ അന്നു തന്നെ ചൈല്‍ഡ് ലൈനിനെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ക്രൂരപീഡനം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശുപാര്‍ശയുമായി ചൈല്‍ഡ്ലൈന്‍ ഏപ്രില്‍ 26ന് പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മലപ്പുറം എസ്പി അയച്ച റിപ്പോര്‍ട്ട് ചങ്ങരംകുളം പോലീസ് പൂഴ്ത്തിവെക്കുകയാണുണ്ടായത്. ശനിയാഴ്ച ചാനലില്‍ ദൃശ്യങ്ങള്‍ പുറത്തവന്നതോടെ പെട്ടന്ന് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.