കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നു ; ഫെയ്‌സ്ബുക്കിനും ഗൂഗിളിനും വാട്‌സ്ആപ്പിനും പിഴ

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. യാഹൂ, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് കോടതി പിഴചുമത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച് സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി ഇതേ കുറിച്ച് അന്വേഷിക്കാന്‍ അഭിഭാഷകയായ അപര്‍ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

തുടര്‍ന്ന്‍ അക്രമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും അതുപോലെ തന്നെ കുട്ടികളുടെ അശ്ലീല വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളെന്തെല്ലാം എന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16 ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനോട് പ്രതികരിക്കാന്‍ കമ്പനികളാരും തയ്യാറായില്ലെന്നും ആവശ്യപ്പെട്ട ഒരു രേഖയും സമര്‍പ്പിച്ചില്ലെന്നും ബെഞ്ച് വെള്ളിയാഴ്ച പറഞ്ഞു. ജൂണ്‍ 15നകം അവ സമര്‍പ്പിക്കാനും ഒരുലക്ഷം രൂപ പിഴയായി നല്‍കാനുമാണ് കോടതിയുടെ പുതിയ ഉത്തരവ്.