ക്ഷേത്ര ഭാരവാഹികളുടെ സംഘടന: വരുന്നത് സിപിഎം നേതൃത്വത്തില്‍
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സിപിഎം പ്രത്യേകമായി സംഘടിപ്പിക്കുന്നു. മത തീവ്രവാദികളില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് മത വിശ്വാസികള്‍ക്ക് നല്‍കുക എന്നതാണ് ഉദ്ദേശം എന്നാണ് സിപിഎം പറയുന്നത്. കഴിഞ്ഞ ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് ക്ഷേത്രം ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ഒരു സംഘടനയ്ക്ക് ഇതിലൂടെ രൂപം നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
കണ്ണൂരില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ബിജെപിക്ക് ഉണ്ടാകുന്ന സ്വാധീനത്തിന് തടയിടുക എന്നതാണ് സിപിഎം ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം നടത്തിവരുന്ന ഘോഷയാത്രയ്ക്ക് ബദലായി കണ്ണൂരില്‍ സിപിഎമ്മിന്റെ സാംസ്‌കാരിക വേദി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ആദ്യ യോഗത്തില്‍ തന്നെ ബാലഗോകുലത്തിന്റെ ഇത്തരം പരിപാടികള്‍ക്ക് ക്ഷേത്രം വിട്ടുനല്കരുത് എന്ന തീരുമാനം എടുത്തു. സിപിഎം ജില്ലാ സെക്രെട്ടറി പി ജയരാജന്‍ ആണ് യോഗം ഉത്ഘാടനം ചെയ്തത്. ക്ഷേത്രങ്ങളെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതുമായ ഒരു കൂട്ടായ്മയാണ് ഇതെന്നും ഇതിന് രാഷ്ട്രീയമില്ലെന്നും യോഗത്തിനു നേതൃത്വം നല്‍കിയ സതീശന്‍ തില്ലങ്കേരി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെയും കുടുംബ ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ കണ്ണൂര്‍ സിപിഎം ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.