പുസ്തകോത്സവം തടയാന്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഡിവൈ എഫ്‌ഐയും കോണ്‍ഗ്രസും

തൃപ്പൂണിത്തുറ : ‘മാതൃഭൂമി’ നടത്തിവരുന്ന പുസ്തകോത്സവം രണ്ടാം ദിവസവും തടസപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം ഡിവൈ എഫ്‌ഐയും കോണ്‍ഗ്രസും ചേര്‍ന്ന് തടഞ്ഞു. പുസ്തകമേളക്ക് സംരക്ഷണം വലയം തീര്‍ത്ത് ഡിവൈഎഫ്‌ഐ രംഗത്തെത്തുകയായിരുന്നു. മാതൃഭൂമി സംഘടിപ്പിച്ച ആധ്യാത്മിക പുസ്തകോത്സവത്തിനെതിരെ രംഗത്തു വന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററിലെ പ്രദര്‍ശന ഹാളില്‍ കയറി പുസ്തകങ്ങള്‍ വാരിയെറിയുകയും ജീവനക്കാരെ തെറി വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പുസ്തകോത്സവം നടക്കുന്ന അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഗേയ്റ്റ് സംഘപരിവാര്‍ അടച്ച് പൂട്ടി പുറത്ത് ഹിന്ദു ഐക്യവേദിയുടെ പേരില്‍ ബാനറും കാവിക്കൊടിയും കെട്ടിയത്തോടെയാണ് സംഘപരിവാറിന്റെ ഭീഷണിക്കും അതിക്രമണത്തിനും എതിരെ കോണ്‍ഗ്രസും ഡിവൈഎഫ് ഐയും മുന്നിട്ടിറങ്ങിയത്.

22 വരെ നീളുന്ന പുസ്തകോത്സവം തുടരാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് ഡിവൈ എഫ് ഐയും കോണ്‍ഗ്രസും പുസ്തകമേളയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട് വന്നത്. മേളയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ സി വിനോദിന്റെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരടകമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. കൂടാതെ വൈകിട്ട് സ്റ്റാച്യു കവലയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സംരക്ഷണവലയം ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് പ്രകടനം നടത്തി അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നില്‍ സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തു. മുന്നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നില്‍ അണിനിരന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന മീശ’ നോവലിലൂടെ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാണ് സംഘപരിവാര്‍ വാദിക്കുന്നത്. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധക്കാര്‍ തെറിവിളി ഉയര്‍ത്തിയിരുന്നു. ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചെങ്കിലും ഹരീഷിനെതിരെയും മാതൃഭൂമിക്കെതിരെയുമുളള സംഘപരിവാറിന്റെ ഭീഷണിയും അക്രമണവും തുടരുകയാണ്.