ആര്‍ എസ് എസിന്റെ അറിയാകഥകള്‍ വെളിപ്പെടുത്തി ഒരു പുസ്തകം

ആര്‍.എസ്.എസിന്റെ ഉള്ളറകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം. ‘ആര്‍.എസ്.എസ്- എ വ്യൂ ടു ദ ഇന്‍സൈഡ്’ എന്ന പേരിലുള്ള പുസ്തകം രചിച്ചിരിക്കുന്നത് വാള്‍ട്ടര്‍ കെ. ആന്‍ഡേഴ്സണും ശ്രീധര്‍ ഡി. ദാംലേയും ചേര്‍ന്നാണ്. ആര്‍.എസ്.എസിന്റെ വളര്‍ച്ചയെക്കുറിച്ചും ലോക വീക്ഷണത്തെക്കുറിച്ചും അധികം ആര്‍ക്കും അറിയാത്ത ഭരണഘടനയെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്.

ആർ.എസ്.എസിന്റെ ഭരണഘടനയെക്കുറിച്ച് പ്രവര്‍ത്തകര്‍ക്ക് വലിയ അറിവില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. പ്രധാന നേതാക്കന്‍മാര്‍ക്കും നിരീക്ഷകര്‍ക്കും മാത്രമേ ഭരണഘടനയെക്കുറിച്ച് അറിയൂ. ഭരണഘടനയെ കുറിച്ച് പരസ്പര വിരുദ്ധമായ ധാരണകളാണ് ആര്‍.എസ്.എസിനകത്തുള്ളത്. ഏറെ പ്രയാസപ്പെട്ടാണ് തങ്ങള്‍ 1972ല്‍ പുറത്തിറങ്ങിയ ഇപ്പോഴത്തെ ഭരണഘടനയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ലേഖകര്‍ പറയുന്നു.

ആര്‍.എസ്.എസ് സാംസ്‌കാരിക സംഘടനയാണെന്നും അതിന്റെ പ്രചാരകര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സംഘടനയുടെ ഭരണഘടനയിലുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ വര്‍ഗബഹുജന സംഘടനകളുടെ വലിയ വളര്‍ച്ചയും സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള പ്രസ്ഥാനത്തിന്റെ വ്യാപനവും രാഷ്ട്രീയത്തിലും സര്‍ക്കാര്‍ നയരൂപീകരണത്തിലും ആര്‍എസ്എസിന് നിര്‍ണായക സ്ഥാനം നേടിക്കൊടുത്തതായി പുസ്തകം ചൂണ്ടിക്കാട്ടുന്നു.

1949ലാണ് ഭരണഘടന തയ്യാറാക്കുന്നതെന്നും എന്നാല്‍ അത് അധികം പ്രസിദ്ധീകരിക്കാത്തതിനാല്‍ പലര്‍ക്കും അതിനെക്കുറിച്ച് ധാരണയില്ലെന്നും ആര്‍.എസ്.എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1948-ല്‍ മഹാത്മാഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിനെ നിരോധിച്ചപ്പോഴാണ് ഭരണഘടന തയ്യാറാക്കാന്‍ ആര്‍.എസ്.എസ് നിര്‍ബന്ധിതരായതെന്നും പുസ്തകം പറയുന്നു.

നിരോധനം നീക്കുന്നതിനായി ആര്‍.എസ്എസ് നേതാക്കള്‍ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി വല്ലഭായ് പട്ടേലുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്വയംസേവകര്‍ സ്വതന്ത്ര വ്യക്തികളാണെന്നും രാജ്യതാല്‍പര്യം സംരക്ഷിക്കുന്ന ഏത് പാര്‍ട്ടികളിലും പ്രവര്‍ത്തിക്കാമെന്നും ഭരണഘടന വ്യക്തമാക്കുന്നുണ്ടെന്നും പുസ്തകത്തിൽ പറയുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നെന്നും പുസ്തകം വിലയിരുന്നതുന്നു. ആര്‍.എസ്.എസ് തങ്ങളുടെ എല്ലാ ശക്തിയും ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു. തങ്ങളുടെ പ്രചാരകന്മാര്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും തിരഞ്ഞെടുപ്പില്‍ സജീവമാകാനുള്ള അനുമതി നല്‍കി. ഇത് ബി.ജെ.പിയുടെ വിജയത്തിന് നിര്‍ണായകമായി. ഇതിന് മുമ്പ് 1977-ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ആര്‍.എസ്.എസ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതെന്നും പുസ്തകം പറയുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മാതൃ സംഘടനയായാണ്‌ ആര്‍ എസ് എസിനെ കാണുന്നത്.